ഓഡിറ്റ് നിര്‍ത്തിവെച്ചത് അഴിമതി മറയ്ക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതുവരെ പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ 2019-20 വര്‍ഷത്തെ ഓഡിറ്റ് നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് പറയുന്നത്.

പക്ഷേ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ 2020 ജൂണ്‍ 1-ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റെ പകര്‍പ്പും അയച്ചു കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നിയമം ലംഘിച്ച് ഓഡിറ്റ് നിര്‍ത്തി വച്ച ഓഡിറ്റ് ഡയറക്ടറെ പിരിച്ചു വിടുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ആര്‍ക്കും ഒരു ചമ്മലും പരിഭ്രാന്തിയും അത് വഴി വിഭ്രാന്തിയും ഉണ്ടാകാം. തോമസ് ഐസക്കിനും അതാണ് സംഭവിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സും യു.ഡി.എഫും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നടത്തുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളെ ചാരി ഇടതുഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ അഴിമതികള്‍ മൂടി വയ്ക്കാന്‍ ശ്രമിക്കേണ്ടതില്ല. എന്നാല്‍, കേരളത്തില്‍ നൂറ് ശതമാനവും ഓഡിറ്റിംഗ് നേരത്തെ തന്നെ സംസ്ഥാനം വികസിപ്പിച്ച എയിംസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Top