ഹരിപ്പാട്: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ റവന്യു മന്ത്രിയും വനംമന്ത്രിയും ഗുരുതരമായ തെറ്റാണ് ചെയ്തത്. ഇവര്‍ക്കെതിരേ കേസെടുക്കണം. രാജകീയ മരങ്ങള്‍ ഉള്‍പ്പെടെ മുറിക്കാന്‍ എന്ന നിലയില്‍ ഉത്തരവ് കൊടുക്കാന്‍ റവന്യു മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്.
കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടന്നത്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളെയും മറികടന്ന് റവന്യു മന്ത്രിയും വനമന്ത്രിയും എടുത്ത തീരുമാനത്തില്‍നിന്നു വ്യക്തമാകുന്നത് സര്‍ക്കാര്‍ നേരിട്ടു വനംകൊള്ളയ്ക്കു കൂട്ടുനിന്നെന്നാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.