എന്‍.ആര്‍ഐ സീറ്റിലെ അധിക തുക പാവപ്പെട്ട കുട്ടികള്‍ക്കായി ഉപയോഗിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ സാധുക്കളായ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് രമേശ് ചെന്നിത്തല.

ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലുമായി 397 എന്‍.ആര്‍.ഐ സീറ്റുകളുമാണുള്ളത്. ഈ സീറ്റുകളിലേക്ക് ഇത്തവണ 20 ലക്ഷം രൂപയാണ് ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ലക്ഷം രൂപ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സഞ്ചിത നിധി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സാധുക്കളായ 397 കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ കഴിയും. അതുപോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ നാല് തട്ട് ഫീസ് ഘടന ഇത്തവണയും നടപ്പാക്കുന്ന കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ 11 ലക്ഷം രൂപ പലിശ രഹിത ഡെപ്പോസിറ്റായി നല്‍കണമെന്ന് അവസാന നിമിഷം ഏര്‍പ്പെടുത്തിയ നിബന്ധന പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അലോട്ടമെന്റ് തുടങ്ങി കുട്ടികള്‍ കോളേജുകളില്‍ പ്രവേശിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ഇങ്ങനെ ഒരു നിബന്ധന കൊണ്ടു വരുന്നത് ചതിയാണ്. കുട്ടികള്‍ക്ക് ഫീസായ 11 ലക്ഷവും പലിശ രഹിത ഡെപ്പോസിറ്റായി 11 ലക്ഷവും അടക്കം 22 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. ഇതുലൂടെ മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളെ കൊള്ളയടിക്കാനുള്ള മറ്റൊരു അവസരം കൂടി സര്‍ക്കാര്‍ നല്‍കുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top