തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അയച്ച കത്തിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് രണ്ടു ദിവസം കെ.പി.സി.സി യോഗം ചേര്‍ന്നതാണ്. അന്നൊന്നും പറയാത്ത കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യോഗത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അംഗങ്ങള്‍ പറയുകയും ചെയ്തു. അപ്പോഴൊന്നും ഉണ്ടാവാത്ത അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ കത്തിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്. ഇതേക്കുറിച്ച് പരിശോധിക്കാതെ ഒന്നും പറയാനാവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ സുധീരന്‍ വിമര്‍ശിച്ചു. ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തിയായി മുഖ്യമന്ത്രിയെ ഒഴിവാക്കിയ വെളളാപ്പള്ളി കുറ്റക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ഗുരുനിന്ദകനാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ ആരോപിച്ചു.