Chennithala’s statement in Sabarimala Issue

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദര്‍ശന വിഷയത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ല. എന്നാല്‍, പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പാരമ്പര്യവും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവര്‍ത്തനങ്ങളെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ വിശ്വാസത്തെ വ്രണപ്പെടുത്താത്ത നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വശങ്ങള്‍ പരിശോധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് കേരളത്തിലെ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.

1991ല്‍ ഹൈകോടതി സ്ത്രീകളുടെ ശബരിമല പ്രവേശത്തിനെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Top