ബിജെപി ഭരിക്കുന്ന അസമിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികൾക്ക് സമ്മാനിച്ച ചെക്കുകള്‍ മടങ്ങി

ഗുവഹത്തി: അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് സമ്മാന തുകയായി നൽകിയ ചെക്കുകൾ മടങ്ങിയത് ബിജെപി ഭരിക്കുന്ന അസം സംസ്ഥാന സര്‍ക്കാറിന് നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നൽകിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. എട്ട് അവാര്‍ഡ് ജേതാക്കള്‍ ഒന്‍പത് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചത്.

“വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. അധികം വൈകാതെ ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൌണ്ടില്‍ മതിയായ ബാലൻസ് ഇല്ലെന്നാണ് അറിയിച്ചത്” – അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി പിടിഐയോട് പറഞ്ഞു. 2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയിരുന്നു.

അമൃത് പ്രീതം (സൗണ്ട് ഡിസൈൻ), ദേബജിത് ചാങ്‌മൈ (സൗണ്ട് മിക്‌സിംഗ്), പ്രഞ്ജൽ ദേക (സംവിധാനം), ദേബജിത് ഗയാൻ (സൗണ്ട് ഡിസൈനും മിക്‌സിംഗും), ബെഞ്ചമിൻ ഡൈമറി (അഭിനയം) തുടങ്ങിയ പ്രമുഖരായ സിനിമാ താരങ്ങളും ബാങ്കില്‍ ഏല്‍പ്പിച്ച ചെക്കുകള്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് & ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളിൽ സംസ്ഥാന കൾച്ചറൽ അഫയേഴ്സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വീണ്ടും അവാര്‍ഡ് ജേതാക്കളോട് ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേ സമയം സാങ്കേതിക കാരണങ്ങളാണ് ചെക്കുകൾ മടങ്ങാന്‍ കാരണമെന്നും. ആദ്യ ദിവസം തന്നെ മറ്റ് അവാര്‍ഡ് ജേതാക്കള്‍ 18 ലക്ഷം രൂപയുടെ ചെക്കുകൾ മാറ്റിയെടുത്തെന്നും.എന്നാൽ രണ്ടാം ദിവസം എട്ട് പേരുടെ ഒമ്പത് ചെക്കുകൾ അക്കൌണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങിയെന്നും. ഇത് പരിഹരിച്ചതായും എട്ട് പേരോടും ചെക്ക് ശനിയാഴ്ച ബാങ്കില്‍ വീണ്ടും നല്‍കാന്‍ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നുമാണ് എഎസ്എഫ്എഫ്ഡിസി ഔദ്യോഗികമായി അറിയിക്കുന്നത്.

Top