കായംകുളം: ‘ദി കേരള സ്റ്റോറി’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചേരാവള്ളിയില്‍ മൂന്നുവര്‍ഷം മുന്പുനടന്ന വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു. ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തു നടന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹമാണ് ഇപ്പോള്‍ ദേശീയശ്രദ്ധയില്‍ വന്നത്.
സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, ചലച്ചിത്ര സംവിധായകന്‍ മണിരത്‌നം തുടങ്ങിയ പ്രമുഖര്‍ ട്വിറ്ററില്‍ അന്നത്തെ വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ മതസൗഹാര്‍ദത്തിന്റെ മാതൃക വീണ്ടും ശ്രദ്ധിക്കപ്പെട്ടു.
2020 ജനുവരി 19-ന് മസ്ജിദ് മുറ്റത്ത് ഒരുക്കിയ കതിര്‍മണ്ഡപത്തിലാണ് അഞ്ജുവും ശരത്തും വിവാഹിതരായത്. ചേരാവള്ളി ക്ഷേത്രത്തിനുസമീപം അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളുടെ വിവാഹം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിക്കൊടുക്കുകയായിരുന്നു.
കല്യാണത്തിനു സഹായമഭ്യര്‍ഥിച്ച് ബിന്ദു പള്ളി കമ്മിറ്റിയെ സമീപിച്ചിരുന്നു. സഹായം നല്‍കുന്നതിനു പകരം പള്ളിക്കമ്മിറ്റി വിവാഹം നടത്തിക്കൊടുത്തു. എല്ലാ ചെലവും വഹിച്ചതിനു പുറമേ സാമ്പത്തികസഹായവും നല്‍കി. എല്ലാ രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവരും പങ്കെടുത്തു.
മിനാരത്തോടു ചേര്‍ന്നൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ജമാഅത്ത് കമ്മിറ്റിയുടെ പേരിലിറങ്ങിയ വിവാഹ ക്ഷണക്കത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനെ അനുമോദിച്ചു കുറിപ്പിട്ടിരുന്നു. ‘മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്നു ചേരാവള്ളി പള്ളിയില്‍ രചിക്കപ്പെട്ടത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
വിവാഹം ഇപ്പോള്‍ ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും വാടകയ്ക്കു താമസിക്കുന്ന ബിന്ദുവിനു വസ്തുവും വീടും നല്‍കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും ചേരാവള്ളി ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ പറഞ്ഞു. ദമ്പതിമാര്‍ ഇപ്പോള്‍ കൃഷ്ണപുരത്തു വാടകയ്ക്കു താമസിക്കുകയാണ്.