രാജ്യസഭ സീറ്റിൽ ഉലഞ്ഞ കോൺഗ്രസ്സിന് ഇടതുപക്ഷത്തെ പ്രതിരോധിക്കാൻ ‘ ആയുധം’ കൊടുത്ത് ചെറിയാൻ ഫിലിപ്പ് . .

Cherian Philip

തിരുവനന്തപുരം: പ്രതീക്ഷിച്ച രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ ചെറിയാന്‍ ഫിലിപ്പിനും പ്രതിഷേധം. എല്ലാ പാര്‍ട്ടികളുടെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണെന്നും സ്ഥാനം കിട്ടിയവര്‍ക്ക് തന്നെയാണ് പിന്നെയും സ്ഥാനം കിട്ടുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ് ബുക്ക് പേജില്‍ തുറന്നടിച്ചു.

ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃതരൂപമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി എളമരം കരീം നിലവില്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയാണ്. ഇത് പരാമര്‍ശിച്ചാണ് ചെറിയാന്‍ ഫിലിപ്പിന്റെ ‘ചൊറിച്ചി’ലെന്ന് വ്യക്തം.

നേരത്തെ നടന്‍ മമ്മുട്ടി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം സജീവമായി ഉയര്‍ന്നു കേട്ട പേരായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെതും .ഇപ്പോള്‍ ഇടത് സഹയാത്രികനായി തുടരുന്ന അദ്ദേഹം അത് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മമ്മുട്ടി ഇപ്പോള്‍ താല്‍പര്യമില്ലന്ന് അറിയിച്ചതോടെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു തന്നെ ആളെ കണ്ടെത്താന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. ഇതാണ് കരീമിന് തുണയായത്. വി.എസ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു.

രാജ്യസഭ സീറ്റുവിവാദം കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കെ ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഇത്തരമൊരു പോസ്റ്റിട്ടത് സി.പി.എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് കെ.ടി.ഡി.സി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പ് അത് മറന്ന് പ്രവര്‍ത്തിക്കുന്നത് പഴയ കോണ്‍ഗ്രസ്സ് സ്വഭാവം വച്ചാണെന്ന അഭിപ്രായമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.

വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

അധികാര കുത്തകക്കെതിരെ 1987 ൽ കോൺഗ്രസിൽ ഞാൻ ഉയർത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നത്. സി.പി.എമ്മിനെ പോലെ രണ്ടു തവണ പൂർത്തിയാക്കിയ എം.എൽ.എമാർക്കും എം.പി മാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന എന്റെ ആവശ്യം കെ.പി.സി.സി തള്ളിയതിനെ തുടർന്നാണ് 2001 ൽ ഏറ്റവുമധികം കാലം എം.എൽ.എ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു ഞാൻ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്ക് തന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്.

Top