മുന്‍ കെപിസിസി സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക്??.. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം നടത്തുന്നത് കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ്.
ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് ഹൈക്കമാന്റ് അംഗീകാരം നല്‍കി കഴിഞ്ഞതായി സുധീരനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സംഘടനാ തിരഞ്ഞെടുപ്പോ ലോകസഭാ തിരഞ്ഞെടുപ്പോ ഏതാണോ ആദ്യം നടക്കുക അതിന് തൊട്ടുമുമ്പ് ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനാണ് വി.എം സുധീരന്റെ നീക്കം.
കോണ്‍ഗ്രസ്സിന്റെ 131ാം ജന്മദിനത്തോടനുബന്ധിച്ചാണ് പാര്‍ട്ടി വിട്ട എല്ലാപേരെയും തിരിച്ചെത്തിക്കുക എന്നതാണ് ക്യാംപെയിനില്‍ സുധീരന്‍ മുന്നോട്ട് വയ്ക്കുന്നത്. ബൂത്ത് തലം മുതല്‍ ഈ ക്യാംപെയിന്‍ സജീവമാക്കാനാണ് സുധീര പക്ഷത്തിന്റെ തീരുമാനം. ഈ ക്യാംപെയിനു കീഴില്‍ ആദ്യം പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കുക ചെറിയാന്‍ ഫിലിപ്പിനെയാകും.
കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടേയോ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയോ സാന്നിധ്യത്തില്‍ സംസ്ഥാനതല നേതാക്കളെ പങ്കെടുപ്പിച്ച് വലിയ പരിപാടിയായിട്ടാവും ചെറിയാന്‍ ഫിലിപ്പിന് അംഗത്വം നല്‍കുക. തുടര്‍ന്ന് ഈ ക്യാംപെയിന്‍ ഉയര്‍ത്തി സുധീര വിഭാഗം ബൂത്തുതലം വരെ അംഗത്വ വിതരണ പ്രചാരണ പരിപാടിയും സംഘടിപ്പിക്കും
ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ ആദ്യം മനസുതുറന്നത് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയുമായിട്ടാണ്.
രാഷ്ട്രീയത്തിനപ്പുറം അന്നും ഇന്നും എന്നും ചെറിയാന്‍ ഫിലിപ്പ് ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് എ കെ ആന്റണി. ഒരേ സ്ഥലത്ത് ഏതെങ്കിലും സാഹചര്യത്തില്‍ ഇരുവരും ഉണ്ടായാല്‍ സാധ്യമാകുന്നിടത്തോളം സമയം ഒന്നിച്ചു കൂടാറുമുണ്ട്.
ചെറിയാന്‍ ഫിലിപ്പിന് എ കെ ആന്റണി ഗുരുസ്ഥാനീയനാണ്. സുധീരന്റെ നീക്കം ഹൈക്കമാന്റിന് മുന്നില്‍ അവതരിപ്പിച്ച് പച്ചക്കൊടി നേടിക്കൊടുത്തത് എ കെ ആന്റണി ആണ്.
ഒരുകാലത്ത് എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും വി.എം സുധീരനും ആര്യാടന്‍ മുഹമദ്ദിനുമൊപ്പം എ ഗ്രൂപ്പ് തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി ശ്രദ്ധേയനായയാള്‍.
എന്നാല്‍ ഒരുഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വത്തില്‍ മുങ്ങി ചവുട്ടി അരയ്ക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമായി അദ്ദേഹം മാറി. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സ് വിടാന്‍ കാരണവും ഉമ്മന്‍ചാണ്ടി തന്നെയെന്ന് ഒരര്‍ത്ഥത്തില്‍ പറയാന്‍ സാധിക്കും.
നിലവില്‍ ആന്റണിയുമായും സുധീരനുമായും സ്വരചേര്‍ച്ച നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി കെ മുരളീധരനെ രംഗത്തിറക്കി ‘രാഷ്ട്രീയക്കളി’ ആരംഭിച്ചതാണ് പുതിയ ക്യാംപെയിനുമായി വളരെ വേഗം രംഗത്തിറങ്ങാന്‍ സുധീരനെ പ്രേരിപ്പിച്ച ഘടകം.
ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കെ ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവ് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് സുധീരവിഭാഗം കണക്കുകൂട്ടുന്നു. കൂടാതെ ബൂത്ത് തലം മുതല്‍ തിരികെയെത്തുന്ന പ്രവര്‍ത്തകരേയും അവര്‍ ലക്ഷ്യമിടുന്നു.
ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദം ചെറിയാന്‍ ഫിലിപ്പെന്ന് സുധീര വിഭാഗം കണക്കുകൂട്ടുന്നു. ഉമ്മന്‍ചാണ്ടി കെഎസ്‌യു പ്രസിഡന്റായിരുന്ന 1967 ലാണ് ചെറിയാന്‍ ഫിലിപ്പ് കെഎസ്‌യുവില്‍ എത്തുന്നത്.
1975 ല്‍ കെ എസ് യു ജനറല്‍ സെക്രട്ടറിയും 79 ല്‍ പ്രസിഡന്റുമായ ചെറിയാന്‍ ഫിലിപ്പ് 1980 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും 82 ല്‍ ജനറല്‍ സെക്രട്ടറിയുമായി. 1984-89 ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു.
2001 ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത് ചെറിയാന്‍ ഫിലിപ്പിനെ ആയിരുന്നു.
അതേസമയം, വി എം സുധീരന്റെ നീക്കത്തോട് ഇതുവരെ ഒരുതരത്തിലും പ്രതികരിക്കാന്‍ ചെറിയാന്‍ ഫിലിപ്പ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായും, സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായും വളരെ അടുത്ത ഹൃദ്യമായ ബന്ധമാണ് ചെറിയാന്‍ ഫിലിപ്പിനുള്ളത്.
എന്നാല്‍ പാര്‍ട്ടിയുടെ മറ്റ് ഘടകങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഈ സാഹചര്യമാണ് വി.എം സുധീരന്‍ അനുകൂലമാക്കാനൊരുങ്ങുന്നത്.
(വിവരണം: എസ് വി പ്രദീപ്, മാധ്യമ നിരീക്ഷകന്‍. 9495827909 )