തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. അധികാര കുത്തകക്കെതിരെ 1987 ല്‍ കോണ്‍ഗ്രസില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
അധികാര കുത്തകക്കെതിരെ 1987 ല്‍ കോണ്‍ഗ്രസില്‍ ഞാന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നത്. സിപിഐ(എം)നെ പോലെ രണ്ടു തവണ പൂര്‍ത്തിയാക്കിയ എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്ന എന്റെ ആവശ്യം കെ പി സി സി തള്ളിയതിനെ തുടര്‍ന്നാണ് 2001 ല്‍ ഏറ്റവുമധികം കാലം എം എല്‍ എ സ്ഥാനത്തിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചു ഞാന്‍ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശനം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്.