തിരുവനന്തപുരം: 20 വര്‍ഷത്തെ ഇടതുപക്ഷ സഹവാസം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാന്‍ ഫിലിപ്പിന്റേത്. കോണ്‍ഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. സി.പി.എമ്മുമായി സഹകരിക്കുമ്പോഴും ചെറിയാന്‍ ഫിലിപ്പിന്റെ മനസ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. കാരണം കോണ്‍ഗ്രസ് ചെറിയാന് ജീവനായിരുന്നു എന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിലേക്ക് മടങ്ങാനുളള തീരുമാനത്തിന് പിന്നാലെ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു. സി.പി.എം ഏല്‍പ്പിച്ച എല്ലാ രാഷ്ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എ.കെ.ജി സെന്ററില്‍ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സി.പിഎമ്മില്‍ തനിക്കു നേരിടേണ്ടി വന്ന പ്രശ്‌നം. രാഷ്ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താന്‍ മാറുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
എനിക്ക് കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ ഒരുമടിയുമില്ല. കാരണം എന്റെ അദ്ധ്വാനം അവിടെയുണ്ട്. സ്ഥിരമായി ചിലര്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടത്. എന്നെ ആരും പുറത്താക്കിയതല്ല. ഞാന്‍ അന്ന് പറഞ്ഞ അധികാരകുത്തക അവസാനിപ്പിക്കണമെന്ന സന്ദേശം കോണ്‍ഗ്രസ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുകയാണ്. അന്ന് ഞാന്‍ പറഞ്ഞത് നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.