തിരുവനന്തപുരം: സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും സ്വതന്ത്രമായി എഴുതിയാല്‍ താന്‍ ശത്രുവായി മാറുമെന്നും ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതിനാല്‍ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയവര്‍ അനുഭവിച്ചിട്ട് വരട്ടെ. എകെജി സെന്ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. പക്ഷെ സിപിഎമ്മില്‍ തനിക്ക് ശത്രുക്കളില്ല. ഖാദിയെന്ന പേരില്‍ വില്‍ക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോര്‍ഡില്‍ പോയിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പെടുമായിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു.
അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്നും, കെപിസിസി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നത്. തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. അതില്ലാതെ തനിക്ക് വളര്‍ച്ചയുണ്ടാകില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.