ഇടതുമുന്നണിയുമായി അകന്ന ചെറിയാന്‍ ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസ്സില്‍ ചേരും

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസ്സില്‍ ചേരും. രാവിലെ 11 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് 11.30 ന് പ്രസ്സ് ക്ലബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചെറിയാന്‍ കോണ്‍ഗ്രസില്‍ തിരികെ എത്തുന്നത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കള്‍ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതായിരുന്നു വേദിയില്‍ ചെറിയാന്റെ പ്രസംഗം. ജീവിത അവസാനം വരെ ഉമ്മന്‍ ചാണ്ടി തന്റെ രക്ഷിതാവായി കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ചെറിയാന്‍ പ്രകടിപ്പിച്ചിരുന്നു.

20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്. ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റു പറ്റിയത് തനിക്കാണ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ സീറ്റില്‍ പരിഗണിക്കാതിരുന്നത് മുതല്‍ ചെറിയാന്‍ ഫിലിപ്പ് സിപിഐഎം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി നല്‍കിയെങ്കിലും ചെറിയാന്‍ നിരസിച്ചു. അതേസമയം, തിരിച്ചുവരവില്‍ ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് എന്ത് പദവി നല്‍കും എന്നതിനെ കുറിച്ച് വ്യക്തതയില്ല.

Top