ചെര്‍പ്പുളശ്ശേരി പീഡനം; തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ ആരോപണങ്ങള്‍ പതിവെന്ന് എംബി രാജേഷ്

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പീഡനാരോപണത്തോട് പ്രതികരിച്ച് എംബി രാജേഷ് എംപി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള ആരോപണങ്ങളൊക്കെ പതിവാണെന്നും ഇലക്ഷന് ശേഷം ഈ ആരോപണങ്ങള്‍ പൊളിഞ്ഞു പോവുകയാണ് പതിവെന്നും എംപി പറയുന്നു. വസ്തുതകളെല്ലാം എത്രയും പെട്ടന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച് താന്‍ പീഡനത്തിനിരയായെന്ന് കാണിച്ച് യുവതി പൊലീസിന് പരാതി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതിയുടെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

സിപിഎം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശ്ശേരിയില്‍ പഠിക്കുന്ന സമയത്ത് മാഗസിന്‍ തയാറാക്കാനെന്ന പേരില്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പീഡനം.

ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Top