ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര. ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെതിരായ സെമിയുടെ രണ്ടാം ഇന്നിംഗ്‌സിലാണ് പൂജാര വെസ്റ്റ് സോണിനായി സെഞ്ചുറി നേടിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി ദിവസങ്ങള്‍ക്കകമാണ് താരത്തിന്റെ ഇത്തരമൊരു തിരിച്ചുവരവ്. മൂന്നാം ദിനത്തെ മത്സരം മഴ തടസപ്പെടുത്തിയപ്പോള്‍ 266 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 132 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് പൂജാര. 90 ഓവറില്‍ 291/8 എന്ന സ്‌കോറില്‍ നില്‍ക്കുന്ന വെസ്റ്റ് സോണിന് ഇപ്പോള്‍ ആകെ 383 റണ്‍സിന്റെ വന്‍ ലീഡായി.
മത്സരത്തില്‍ വെസ്റ്റ് സോണ്‍ ആദ്യ ഇന്നിംഗ്‌സില്‍ 92.5 ഓവറില്‍ 220 റണ്‍സാണ് നേടിയത്. 102 പന്തില്‍ 28 റണ്‍സുമായി പൂജാരയും 13 ബോളില്‍ ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ 129 പന്തില്‍ 74 നേടിയ അദിത് ഷേത് ആയിരുന്നു വെസ്റ്റ് സോണിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ പൃഥ്വി ഷായും, നായകന്‍ പ്രിയങ്ക് പാഞ്ചലും, മധ്യനിരയില്‍ സര്‍ഫറാസ് ഖാനും നിറംമങ്ങിയപ്പോള്‍ 43 റണ്‍സിന് ആറ് വിക്കറ്റുമായി സെന്‍ട്രല്‍ സോണ്‍ നായകന്‍ ശിവം മാവി തിളങ്ങി. മറുപടി ബാറ്റിംഗില്‍ സെന്‍ട്രല്‍ സോണ്‍ 31 ഓവറില്‍ 128 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. ധ്രുവ് ജൂരെലും, റിങ്കു സിംഗും, സൗരഭ് കുമാറും മാത്രം രണ്ടക്കം കണ്ടപ്പോള്‍ അര്‍സാന്‍ നാഗവസ്‌വല്ല അഞ്ചും അദിത് ഷേത് മൂന്നും ചിന്തന്‍ ഗാജ രണ്ടും വിക്കറ്റുമായി തിളങ്ങി.
92 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ വെസ്റ്റ് സോണ്‍ 90 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഫിഫ്റ്റി കണ്ടെത്തി. ജൂണ്‍ 23നാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പൂജാരയെ ഒഴിവാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി ഫോം തെളിയിക്കാനായിരുന്നു താരത്തിന് സെലക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം.