മെല്‍ബണ്‍: താന്‍ ക്രിക്കറ്റ് കളിക്കുന്നത് വിമര്‍ശകരെ നിശബ്ദരാക്കാനല്ല എന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് പുജാര തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നത് വിമര്‍ശകരെ നിശബ്ദരാക്കാനല്ല, എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യണം, അതാണ് എന്റെ സന്തോഷം, എന്റെ ലക്ഷ്യം. മറ്റു കാര്യങ്ങളിലേക്ക് ഞാന്‍ കടക്കേണ്ടതില്ല. നാട്ടിലായാലും വിദേശശത്തായാലും റണ്‍സ് സ്‌കോര്‍ ചെയ്യുന്ന എന്നതാണ് എന്റെ ഉത്തരവാദിത്തം. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം. അത് സ്വീകരിക്കേണ്ടിവരും. ഇന്ത്യ വിജയം തുടര്‍ന്നാല്‍ അതാണ് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്നത്’-പുജാര പറഞ്ഞു.
പൂജാര ഇന്ത്യയില്‍ മാത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനെന്നും അതുകൊണ്ട് വിദേശ പര്യടനത്തിനുള്ള ടീമില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു മറുപടി നല്‍കി മെല്‍ബണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. കരിയറിലെ 17ാം ടെസ്റ്റ് സെഞ്ച്വറിയാണു പൂജാര മെല്‍ബണില്‍ കുറിച്ചത്. നാലു മത്സര പരമ്പരയിലെ രണ്ടാം സെഞ്ച്വറി കൂടിയായിരുന്നു അത്.