chevrolet-cars

ചൈനീസ് വിപണി ലക്ഷ്യമിട്ട് ഷെവര്‍ലെ കാറുകള്‍ നിര്‍മ്മിക്കുന്നു. നാലു വര്‍ഷത്തിനുള്ളില്‍ 20 മോഡലുകള്‍ വിപണിയിലിറക്കാനാണ് ജനറല്‍ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്.

ഷെവര്‍ലെയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വലിയ വിപണിയാണു ചൈന. പുതിയ മോഡലുകളില്‍ പഴയവയുടെ പരിഷ്‌കരിച്ച പതിപ്പുകളും ഉള്‍പ്പെടും. ചൈനയില്‍ ഇതുവരെ 40 ലക്ഷത്തോളം വാഹനങ്ങളാണ് ഷെവര്‍ലെ വിറ്റഴിച്ചിരിക്കുന്നത്.

ചൈനയ്ക്കായി അവതരിപ്പിക്കുന്ന പുതുമോഡലുകളില്‍ 30 ശതമാനത്തോളം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളാവും. ശേഷി കുറഞ്ഞ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍, ഡീസല്‍ എന്‍ജിന്‍, ഹൈബ്രിഡ് പ്ലഗ് ഇന്‍ വൈദ്യുത സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെ ചൈനയില്‍ അവതരിപ്പിക്കാന്‍ ഷെവര്‍ലെ തയ്യാറെടുക്കുന്നുണ്ട്.

ഇക്കൊല്ലം ആദ്യം അരങ്ങേറ്റം കുറിച്ചതും ചൈനയ്ക്കായി അണിയിച്ചൊരുക്കിയ സെഡാനുമായ ‘മാലിബു എക്‌സ് എല്‍’ ചൈനയ്ക്കുള്ള ആദ്യ സങ്കര ഇന്ധന മോഡലായ ‘മാലിബു എക്‌സ് എല്‍ ഹൈബ്രിഡ് ‘, ചൈനയില്‍ മാത്രമല്ല ആഗോളതലത്തിലും മികച്ച വില്‍പ്പന നേടിയ ‘ക്രൂസി ‘ന്റെ പുതുതലമുറ, ഇടത്തരം കോംപാക്ട് ഫാമിലി സെഡാനായ ‘കവലിയര്‍’, സ്‌പോര്‍ട്‌സ് കാറായ ‘ കമാറൊ ‘യുടെ ആറാംതലമുറ തുടങ്ങിയവയൊക്കെ ചൈനയിലെത്തിക്കാന്‍ ഷെവര്‍ലെ തീരുമാനിച്ചിട്ടുണ്ട്.

തുടക്കത്തില്‍ രണ്ടു മോഡലായിരുന്നു ഷെവര്‍ലെ ശ്രേണിയിലുണ്ടായിരുന്നത്. ഇപ്പോഴത് 12 മോഡലുകളിലായി 53 വകഭേദത്തിലെത്തി നില്‍ക്കുന്നു. ചെറു കാറും കോംപാക്ട് കാറും ഇടത്തരം കാറും എസ്യുവികളും സ്‌പോര്‍ട്‌സ് കാറുമൊക്കെ ഷെവര്‍ലെ ബ്രാന്‍ഡിലുണ്ട്.

Top