റായ്പുര്‍: ഛത്തീസ്ഗഡില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള് 40 എണ്ണമാണ്.
ബസ്തര്‍, രാജ്നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്നന്ദ്ഗാവ് ആണ്. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്പേയിയുടെ അനന്തരവളുമായ കരുണ ശുക്ളയാണ്. സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്.
ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 12 എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്.
ഒരു മണ്ഡലം പട്ടികജാതി സംവരണമാണ്. അഞ്ചു മണ്ഡലങ്ങളാണു പൊതുവിഭാഗത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ 18 ഇടങ്ങളിലുമായി 31.79 ലക്ഷം വോട്ടര്‍മാരാണ് ജനവിധി രേഖപ്പെടുത്തുക. 15 വര്‍ഷമായി ഛത്തീസ്ഗഡ് ബിജെപി ഭരണത്തിലാണുള്ളത്.