റായ്പൂര്‍: ഛത്തിസ്ഗഡില്‍ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് അമ്മ പത്തുമാസം പ്രായമായ പെണ്‍കുഞ്ഞിനെ അടിച്ചുകൊന്നു. സംസ്ഥാനത്തെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജെബിത എക്ക(28)ന്റെ ഭര്‍ത്താവിനെ മോഷണകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത് നാലു മാസം മുമ്പാണ്. അയാളെ ജാമ്യത്തില്‍ ഇറക്കാന്‍ ആവശ്യമായ തുക സംഘടിപ്പിക്കാന്‍ കഴിയാത്തതിന്റെ ദു:ഖത്തിലായിരുന്നു അവര്‍.
മാത്രമല്ല വീട്ടുവാടകയ്ക്കും മറ്റ് ചെലവുകള്‍ക്കും പണമില്ല. സുഖമില്ലാതായ മകളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കഴിയാത്തതിനാല്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു യുവതി. സംഭവദിവസം അസുഖം കൂടിയതിനാല്‍ കുട്ടി നിര്‍ത്താതെ കരഞ്ഞു.
കരച്ചില്‍ നിര്‍ത്താന്‍ ആദ്യം കുട്ടിയുടെ മുഖത്ത് അവര്‍ അടിച്ചു. ശേഷം കുഞ്ഞിന്റെ തലയില്‍ തടിപലക കൊണ്ട് അടിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്.
കുഞ്ഞിന്റെ മൃതദേഹത്തിന് മുന്നിലിരുന്ന് കരയുന്ന ഇവരെ കണ്ട ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.