ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 17ന്; വമ്പന്‍ പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്; ഗൃഹലക്ഷ്മി യോജന

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം സ്ത്രീകള്‍ക്ക് 15,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് വാഗ്ദാനം നല്‍കി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ദീപാവലി ദിനത്തിലാണ് ഭൂപേഷ് ബാഗേല്‍ വന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന് മുമ്പായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനാം. ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ് നടന്നത്. നവംബര്‍ 17ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങള്‍ ജനവിധിയെഴുതും.

ഛത്തീസ്ഗഡിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഇതില്‍ 14 സീറ്റുകളിലും വിജയിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍ സിംഗ് അവകാശപ്പെട്ടത്. ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് 12,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഛത്തീസ്ഗഡില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഗൃഹ ലക്ഷ്മി യോജന പ്രകാരം സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15,000 രൂപ വാര്‍ഷിക സഹായം നല്‍കുമെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആരാണ് മുഖ്യമന്ത്രിയെന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം നീണ്ട പതിനഞ്ച് വര്‍ഷം ബിജെപിയെ നയിച്ച രമണ്‍ സിംഗിന് ആദ്യമായി പരാജയപ്പെട്ടത് 2018ല്‍ ഭൂപേഷ് ബാഗേലിന് മുന്നിലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വൈകിയാണെങ്കിലും രമണ്‍ സിംഗിനെ തന്നെ മുന്‍നിര്‍ത്തിയാണ് ബിജെപി ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്.

Top