റായ്പുര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. അതിനായി സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യശാലകളില്‍ ഉപയോക്താക്കളുടെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഹോം ഡെലിവറി സൗകര്യം വാഗ്ദാനം ചെയ്ത് വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
നിയന്ത്രിത മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചു.
മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എന്നിവ രജിസ്റ്റര്‍ ചെയ്ത് മദ്യം ഓര്‍ഡര്‍ ചെയ്യാം. അത് ഒടിപി വഴി സ്ഥിരീകരിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.