ന്യൂഡല്‍ഹി :ഐഎന്‍എക്സ് മീഡിയ കേസില്‍ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നായിരിക്കും ചിദംബരം കോടതിയില്‍ വാദിക്കുക. ഈമാസം പത്തൊന്‍പത് വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.
അതേസമയം, ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. കേസില്‍ ഇന്നലെയാണ് ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിബിഐ കസ്റ്റഡിയില്‍ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തിരുന്നു.
ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.