ആരാണ് ഡല്‍ഹിക്കാരന്‍ ? കെജ്രിവാളിനോട് ചിദംബരം

ന്യൂഡല്‍ഹി: ആരാണ് ഡല്‍ഹിക്കാരനെന്ന് കെജ്രിവാള്‍ വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രമാണെന്നാണ് കെജ്രിവാള്‍ പറയുന്നത്. ആരാണ് ഡല്‍ഹിക്കാരന്‍ എന്ന് ദയവ് ചെയ്ത് വ്യക്തമാക്കാമോ? ഞാന്‍ ഡല്‍ഹിയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളാണെങ്കില്‍ എന്നെ ഡല്‍ഹിക്കാരനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമോ?” ചിദംബരം ട്വീറ്റില്‍ ചോദിച്ചു.

കേന്ദ്രത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ഇന്ത്യയിലെ ഏത് ആശുപത്രിയില്‍ നിന്നും ചികിത്സ നേടാമെന്നാണ് താനറിഞ്ഞിട്ടുള്ളതെന്നും ചിദംബരം വ്യക്തമാക്കി.

”ആയുഷ്മാന്‍ ഭാരത്, ജന ആരോഗ്യ യോജന എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട വ്യക്തിയാണെങ്കില്‍ ഇന്ത്യയിലെ ഏത് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കില്ലേ? ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് കെജ്രിവാള്‍ നിയമോപദേശം തേടിയില്ലേ?” എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിക്കാര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളെക്കൊണ്ട് ഡല്‍ഹിയിലെ ആശുപത്രികള്‍ നിറഞ്ഞെന്നുമാണ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നത്.അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top