ചിദംബരത്തിനെതിരെ തെളിവ് നല്‍കാന്‍ സാക്ഷികള്‍ക്ക് ധൈര്യം പോരാ; സര്‍ക്കാര്‍

മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രധാന ദൃക്‌സാക്ഷികള്‍ക്ക് മേല്‍ ശക്തമായ സ്വാധീനമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. അതുകൊണ്ട് തന്നെ ചിദംബരത്തിന് എതിരായി മൊഴി നല്‍കാന്‍ ഇവര്‍ ഭയക്കുന്നതായും ഇഡി വ്യക്തമാക്കി. 74കാരനായ രാഷ്ട്രീയ നേതാവിനെ തിഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ വിട്ടയയ്ക്കുന്നതിന് എതിരായാണ് ഇഡി അഭിഭാഷകന്‍ തുഷാര്‍ മേത്ത നിലപാട് സ്വീകരിച്ചത്.

കേന്ദ്രത്തിന്റെ രണ്ടാമത്തെ സീനിയര്‍ നിയമ ഉദ്യോഗസ്ഥനാണ് അന്വേഷണ ഏജന്‍സിക്കായി ഉന്നത കോടതിയില്‍ ഹാജരായത്. ചിദംബരം അതിശക്തനായതിനാല്‍ ഇദ്ദേഹത്തിന് മുഖാമുഖം വരാന്‍ പോലും ഒരു ദൃക്‌സാക്ഷി തയ്യാറായില്ലെന്ന് മേത്ത അറിയിച്ചു. മറ്റ് രണ്ട് സാക്ഷികള്‍ ഹാജരായതുമില്ല. ചിദംബരം സൃഷ്ടിക്കുന്ന ഭയത്തിന് ഇതിലും കൂടുതല്‍ എന്ത് തെളിവ് വേണം, മേത്ത ചോദിച്ചു.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ നൂറ് ദിവസമായി ചിദംബരം കസ്റ്റഡിയില്‍ തുടരുകയാണ്. ആഗസ്റ്റ് 21ന് സിബിഐയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ധനമന്ത്രി പദത്തില്‍ ഇരിക്കവെ 307 കോടി രൂപ ഇന്ത്യയില്‍ എത്തിച്ച ഐഎന്‍എക്‌സിന്റെ നടപടികളില്‍ ചിദംബരം സഹായം നല്‍കിയെന്നാണ് കേസ്. ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷ സുപ്രീംകോടതി കേട്ടുവരികയാണ്.

കപില്‍ സിബലും, അഭിഷേക് സിംഗ്വിയുമാണ് ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത്. വിദേശത്ത് വ്യാജ കമ്പനികള്‍ സൃഷ്ടിച്ച് ഇടപാട് നടത്തിയതും, വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതും, വ്യാജ തെളിവ് സൃഷ്ടിച്ചതിനും പരാതിക്കാരന് എതിരെ തെളിവുണ്ടെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Top