പൂതന’ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് കിട്ടി ; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ തുടര്‍നടപടി

തിരുവനന്തപുരം : അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി.സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്ന് മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി.സുധാകരന്‍ പൂതന എന്ന് വിളിച്ച് അപമാനിച്ചെന്ന ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ മന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കും വിധത്തിലാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

എന്നാല്‍ അത് പോരെന്നാണ് യു.ഡി.എഫ് നിലപാട്. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രനിരീക്ഷകയെ ചുമതലപ്പെടുത്തണം. സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നുവെന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം കളക്ടറുടെ റിപ്പോര്‍ട്ടും തിരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും നോക്കിയല്ല താന്‍ നില്‍ക്കുന്നതെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം. സുധാകരന്‍ പറഞ്ഞത് ജനം കേട്ടിട്ടുണ്ട്. അവര്‍ തീരുമാനിക്കട്ടെയെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സംഭവത്തില്‍ ബുധനാഴ്ച മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോള്‍ ഉസ്മാനെതിരായ മന്ത്രി സുധാകരന്റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

Top