തിരുവനന്തപുരം: പത്രിക ഓൺലൈനായി സമർപ്പിക്കാമെന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തപാൽ വോട്ട് എത്തിക്കാൻ പ്രത്യേക ടീം എന്നതടക്കം വേറെയും നിർദ്ദേശങ്ങളുണ്ട്. ഇവയെല്ലാം രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം.നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമേ അനുവദിക്കൂ.
പ്രചാരണ വാഹന ജാഥകൾക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. ഇത്തവണ ഓൺലൈൻ ആയി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി നൽകുന്നവർ അതു ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം.തെരഞ്ഞെടുപ്പിന് സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ടാകും. തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും.