ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ; ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ രാജ്യസഭാംഗങ്ങളായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷദ്‌റായ് യജ്‌നിക് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഇതോടെ ഹര്‍ജി തള്ളിയതായും സുപ്രീംകോടതി അറിയിച്ചു.

ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാക്കാത്തതാണു പിന്‍വലിക്കാന്‍ കാരണമെന്നു എംപിമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. 45 മിനിറ്റ് മാത്രമാണു ഹര്‍ജിയില്‍ വാദം നടന്നത്.
കുറ്റവിചാരണയ്ക്കായുള്ള നോട്ടിസിന് ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷദ്‌റായ് യജ്‌നിക് എന്നിവര്‍ മാത്രമാണു സുപ്രീംകോടതിയെ സമീപിച്ചത്. നോട്ടിസ് തള്ളിയ വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ മറ്റൊരു പാര്‍ട്ടിക്കാരും ആഗ്രഹിക്കുന്നില്ലെന്നത് ഇതില്‍ നിന്നു വ്യക്തമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി.

ഹര്‍ജി ഇന്ന് രാവിലെ തങ്ങളുടെ ബെഞ്ചില്‍ പരാമര്‍ശിക്കാന്‍ ജഡ്ജിമാരായ ജസ്തി ജെ.ചെലമേശ്വര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചതിനു പിന്നാലെ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജി അതേസമയത്തു പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.ഇന്നലെ വൈകിട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ തീരുമാനമുണ്ടായത്.ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ആരെയും ഉള്‍പ്പെടുത്താതെ, അവര്‍ക്കു താഴെയുള്ള അഞ്ചു പേരുള്‍പ്പെടുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം രൂപീകരിച്ചത്. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഭരണഘടനാ ബെഞ്ച്. എന്നാല്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാകാത്തതിനാലാണു ഹര്‍ജി പിന്‍വലിച്ചതെന്ന് കപില്‍ സിബല്‍ പറഞ്ഞു.

വാദം ആരംഭിച്ചപ്പോള്‍ തന്നെ ഹര്‍ജി ഭരണഘടനാബെഞ്ചിനു വിട്ടതിനെ സിബല്‍ ചോദ്യം ചെയ്തിരുന്നു. രാത്രിയാണ് ഇതുസംബന്ധിച്ച തീരുമാനം ഹര്‍ജിക്കാര്‍ അറിഞ്ഞത്. ചീഫ് ജസ്റ്റിസാണ് ഈ തീരുമാനത്തിനു പിന്നിലെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി അദ്ദേഹം തന്നെ ഭരണഘടനാബെഞ്ചിനു വിടുന്നതു കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ഭരണഘടനാബെഞ്ച് രൂപീകരിക്കാന് ജുഡീഷ്യല്‍ ഉത്തരവ് വേണം. ഹര്‍ജി പരിഗണിക്കും മുന്‍പ് എങ്ങനെ ഭരണഘടനാബെഞ്ചിനു വിട്ടു ഇക്കാര്യത്തില്‍ തുടര്‍നടപടിക്കായി, ഹര്‍ജി ഭരണഘടനാബെഞ്ചിനു വിട്ട തീരുമാനം വ്യക്തമാക്കുന്ന ഉത്തരവ് ലഭ്യമാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
ഉത്തരവു വേണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും എന്നാല്‍ ബെഞ്ച് രൂപീകരിക്കാനുള്ള സമ്പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിനാണെന്നു കോടതി ആവര്‍ത്തിക്കുകയും ചെയ്തതോടെയാണു ഹര്‍ജിയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് സിബല്‍ വ്യക്തമാക്കിയത്. പിന്നാലെ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.ഉത്തരവിന്റെ പകര്‍പ്പു പോലും നല്‍കാത്തത് അനീതിയാണെന്നു പിന്നീടു വാര്‍ത്താ സമ്മേളനത്തില്‍ കപില്‍ സിബല്‍ പറഞ്ഞു. സുപ്രീംകോടതിയിലെ ഒരു ജഡ്ജിക്കെതിരെയും കോണ്‍ഗ്രസിനു വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും സിബല്‍ പറഞ്ഞു.
നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ രാജ്യസഭാധ്യക്ഷന് അര്‍ധ- ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ഉത്തരവു റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. കുറ്റവിചാരണയുടെ ഭാഗമായി മൂന്നംഗ അന്വേഷണ സമിതിയുണ്ടാക്കാന്‍ രാജ്യസഭാധ്യക്ഷനോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു. ഇതു പരിഗണിക്കാനാണ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.

ഭരണഘടനാ ബെഞ്ച് കുറ്റവിചാരണ വിഷയത്തില്‍ എന്തു നിലപാടെടുക്കും എന്ന ആകാംക്ഷയിലിരിക്കെയാണു ഹര്‍ജി പിന്‍വലിക്കാനുള്ള എംപിമാരുടെ തീരുമാനം.ഏപ്രില്‍ 23നാണു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴു പാര്‍ട്ടികളിലെ 64 എംപിമാര്‍ ഒപ്പിട്ട കുറ്റവിചാരണ നോട്ടിസ് രാജ്യസഭ തള്ളിയത്.

Top