ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ അനുരഞ്ജന നീക്കവുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെതിരെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വറും കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുമായി ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തി.
വിഷയങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ജെ ചെലമേശ്വറും മദന്‍ ബി ലോക്കൂറും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും ദീപക് മിശ്ര ജഡ്ജിമാരുമായി പങ്കുവെച്ചു.
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിലെ അംഗങ്ങളാണ് കുര്യന്‍ ജോസഫും രഞ്ജന്‍ ഗൊഗോയിയും. സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം മൂന്ന് മാസം മുന്‍പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുരഞ്ജന നീക്കവുമായി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.