ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നു; സംഭവ ബഹുലമായ 13 മാസങ്ങള്‍ക്ക് ശേഷം പടിയിറക്കം

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്. അദ്ദേഹം നാളെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബുധനാഴ്ച ചുമതലയേല്‍ക്കും.

സംഭവ ബഹുലമായിരുന്നു ദീപക് മിശ്രയുടെ കാലഘട്ടം. സ്വയം ആരോപണം നേരിട്ട മെഡിക്കല്‍ കോഴ വിവാദവും കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം തീരുമാനങ്ങളിലെ കേന്ദ്ര ഇടപെടലുമൊക്കെ ഇക്കാലയളവില്‍ നടന്നു. ഇതിനെല്ലാം പുറമെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇംപീച്ച്‌മെന്റ് നീക്കവും 13 മാസത്തെ ചീഫ് ജസ്റ്റിസ് പദവിക്കിടെ മിശ്രക്ക് നേരിടേണ്ടി വന്നു.

സുപ്രീംകോടതിയിലെ ഭരണകാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് അട്ടിമറിക്കുന്നു എന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണം തള്ളി മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ താന്‍ തന്നെയെന്ന് പ്രഖ്യപിച്ച് ജസ്റ്റിസ് മിശ്ര മുന്നോട്ടുപോയി. ഭരണഘടന വിഷയങ്ങളിലടക്കം ഏറെ സുപ്രധാന വിധികള്‍ ഉണ്ടായ കാലം കൂടിയാണ് ജസ്റ്റിസ് ദീപക് മിശ്രയുടേത്. സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കി, വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 497ാം വകുപ്പ് റദ്ദാക്കി, ദയാവധം അനുവദിക്കാം, ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുമതി അങ്ങനെ വിപ്ലവകരമായ നിരവധി വിധികള്‍ മിശ്ര കാലത്തിന്റെ സംഭാവനയാണ്.

ആധാറിന് അനുമതി, അയോദ്ധ്യ കേസ് വിപുലമായ ബെഞ്ച് പരിഗണിക്കേണ്ട, സിബിഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം വേണ്ട , പൗരാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് അങ്ങനെ സര്‍ക്കാരിന് ആശ്വാസമായ വിധികളും ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ നിന്നുണ്ടായി. സിനിമ തിയ്യേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതും പിന്നീട് ആ ഉത്തരവില്‍ ഇളവുവരുത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

2011 ഒക്ടോബര്‍ 10 നാണ് ദീപക് മിശ്ര സുപ്രീംകോടതി ജഡ്ജിയാകുന്നത്. എട്ട് വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റാസായി. ഇന്ന് വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് യാത്രയയപ്പ് നല്‍കും. നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ചടങ്ങില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാകും ഇന്ത്യയുടെ 46-ാംമത്തെ ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗൊഗോയി ചുമതലയേല്‍ക്കുക.

Top