കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാം, പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ ; സുപ്രീംകോടതി

supreame court

ന്യൂഡല്‍ഹി : കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സംശയോ തര്‍ക്കമോ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അഭിഭാഷകനായ ശാന്തി ഭൂഷന്റെ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി.

സുപ്രീം കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തില്‍ (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) വ്യക്തത ആവശ്യപ്പെട്ടാണ് മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹര്‍ജി നല്‍കിയത്. ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം നിര്‍വചിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.കെ. സിക്രിയാണ് വിധി പറഞ്ഞത്.

ശാന്തിഭൂഷന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിനെയും എതിര്‍കക്ഷിയാക്കിയിരുന്നു. മകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണു ശാന്തിഭൂഷണ്‍ ഹര്‍ജി നല്‍കിയത്. ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ചിരുന്നു.

കേസില്‍ കോടതിയെ സഹായിക്കാന്‍ കെ.കെ. വേണുഗോപാലിനോടും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. താന്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഹര്‍ജി പരാമര്‍ശിക്കുന്നതു ജസ്റ്റിസ് ചെലമേശ്വര്‍ തടഞ്ഞിരുന്നു.

Top