പ്രവര്‍ത്തി ദിനം ജഡ്ജിമാര്‍ക്ക് അവധിയില്ല; ‘നോ ലീവ്’ പോളിസിയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ‘നോ ലീവ്’ പോളിസിയുമായി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഖോയ്. പ്രവര്‍ത്തി ദിനങ്ങളില്‍ ജഡ്ജിമാര്‍ ലീവ് എടുക്കരുതെന്നാണ് ചീഫ് ജസ്റ്റിസിമന്റെ ഉത്തരവ്. കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ദേശീയ മാധ്യമങ്ങളാണ് കെട്ടിക്കിടക്കുന്ന കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വന്നത്.

ഹൈക്കോടതിയിലെ ജഡ്ജിമാരും ചീഫ്ജസ്റ്റിസുമാരും ഇനി മുതല്‍ പ്രവര്‍ത്തി ദിനങ്ങളില്‍ അവധിയില്‍ പ്രവേശിക്കരുത്. കോടതി ചേരുന്ന എല്ലാ സമയവും അവര്‍ മുറിയ്ക്കുള്ളില്‍ ഉണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ചീഫ്ജസ്റ്റിസോ ജസ്റ്റിസ് മദന്‍ ബി ലൗക്കറോ കേള്‍ക്കണമെന്ന് നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വലിയ അത്യാവശ്യമുള്ള കേസുകള്‍ ആദ്യം തീര്‍പ്പാക്കുന്ന രീതിയില്‍ കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ ധൃതി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാമൂഹ്യ നീതി, തെരഞ്ഞെടുപ്പ്, കമ്പനി നിയമം, കുത്തക, വാണിജ്യം, ടെലികോം അതോരിറ്റി, അതിര്‍ത്തി സംബന്ധമായവ തുടങ്ങിയ കേസുകള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കും. പ്രധാനപ്പെട്ട നിയമന കാര്യങ്ങളിലും ഗോഖോയുടെ ബഞ്ച് വാദം കേള്‍ക്കും.

കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പത്തോളം മാര്‍ഗനിര്‍ദേശങ്ങളാണ് ഗോഖോയ് മുന്നോട്ട് വച്ചത്. ജുഡീഷ്യറിയിലെ അഴിമതിയെ ചര്‍ച്ചയ്ക്കിടെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ജോലി ചെയ്യാന്‍ മടിക്കാണിക്കുന്ന ജഡ്ജിമാരെ പിന്‍വലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഭിഭാഷകരെ പോലെ മികച്ച വേതനം ജഡ്ജിമാര്‍ക്കും വേണം. അല്ലങ്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടേക്കാം. ജുഡീഷ്യയറിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം. അല്ലങ്കില്‍ അത് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജുഡീഷ്യല്‍ ഡാറ്റ പ്രകാരം രാജ്യത്തെ ഹൈക്കോടതികളില്‍ 43 ലക്ഷത്തോളം കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ 55,946 കേസുകളാണ് കെട്ടികിടക്കുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Top