തിരുവനന്തപുരം: കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് വിമര്‍ശനം. ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ടയില്‍ നടന്ന് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘എന്തു തെമ്മാടിത്തമാണ് യഥാര്‍ത്ഥത്തില്‍ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്. പക്ഷെ അതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈന്‍ മടവൂരിനെ പോലുള്ളവര്‍ പോലെയുള്ളവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു.
പൂഞ്ഞാര്‍ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തില്‍ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരില്‍ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈന്‍ മടവൂര്‍ മുഖാമുഖം പരിപാടിയില്‍ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.