ഡല്‍ഹി: ഡല്‍ഹിയിലെ ക്രമസമാധാന പരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് ‘ജംഗിള്‍ രാജ്’ ആണ്. കേന്ദ്ര സര്‍ക്കാരിനെയും ലഫ്റ്റനന്റ് ഗവര്‍ണറെയും വിമര്‍ശിച്ചാണ് കേജ്രിവാളിന്റെ പരാമര്‍ശം.
”രാജ്യതലസ്ഥാനം ഇങ്ങനെയായാല്‍ മതിയോ?. ജനങ്ങള്‍ സുരക്ഷിതരല്ല. കേന്ദ്രസര്‍ക്കാരിന് ക്രമസമാധാനപരിപാലനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ല. ക്രമസമാധാന പരിപാലനത്തിന്റെ ചുമതല എഎപി സര്‍ക്കാരിനു കൈമാറിയാല്‍, ഡല്‍ഹിയെ രാജ്യത്തെ സുരക്ഷിതനഗരമാക്കും. സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇടപെടാനാണു കേന്ദ്രസര്‍ക്കാരിനു താത്പര്യം. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്യു, ഞങ്ങള്‍ ചെയ്യുന്ന ജോലി തുടരാന്‍ അനുവദിക്കു”- അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണം ചൂണ്ടിക്കാട്ടിയാണ് കേജ്രിവാള്‍ രംഗത്തെത്തിയത്. പ്രഗതി മൈതാന്‍ തുരങ്കപാതയില്‍ തോക്കുചൂണ്ടി നാലംഗസംഘം, രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. ഇതിനു പുറമെ ഹര്‍ഷ് വിഹാറില്‍ തിങ്കളാഴ്ച രാത്രി വ്യാപാരിയില്‍നിന്നു പണം തട്ടി. സന്‍സര്‍ സിങ് എന്ന വ്യാപാരിയില്‍നിന്ന് തോക്കുചൂണ്ടി രണ്ടംഗസംഘം ഒരുലക്ഷം രൂപയാണ് തട്ടിയെടുത്തത്. മോഷണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രഗതി മൈതാന്‍ തുരങ്കപാതയിലെ മോഷണത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയാണ് 1,600 ആളുകളെ ചോദ്യംചെയ്തു. 2,000ല്‍ അധികം വാഹനങ്ങള്‍ പിടിച്ചെടുത്തു. ക്രമസമാധാനനില തകര്‍ന്നതില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന രാജിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.