മംഗളൂരു: പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. വലിയ സുരക്ഷാസന്നാഹമാണ് മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയിരിക്കുന്നത്.
മംഗളൂരുവില്‍ സംഘര്‍ഷ സാധ്യതയില്ലെന്ന് കര്‍ണാടക എ.ഡി.ജി.പി അലോക് മോഹന്‍ പറഞ്ഞു. പിണറായി വിജയന് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് മംഗളുരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വാഹനങ്ങള്‍ ഓടുന്നില്ല.
അതിനിടെ കാസര്‍ഗോഡ് മംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ച തലപ്പാടിയിലും ഉള്ളാളിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
സി പി എം ദക്ഷിണ കന്നഡ ജില്ല കമ്മിറ്റി നടത്തുന്ന മത സൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ മംഗളുരുവിലെത്തിയത്.
വൈകിട്ട് മൂന്നിന് നെഹ്‌റു സ്‌റ്റേഡിയത്തിലാണ് സി പി എമ്മിന്റെ മതസൗഹാര്‍ദറാലി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മംഗളുരു നഗരസഭ പരിധിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.