ചേര്‍ത്തല: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്.
ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു.
പൊതുസമ്മേളനം ഒഴിവാക്കി പത്തു മിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി. ശേഷം സത്യപ്രതിജ്ഞയ്ക്കായി ഇവര്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.