മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച; സ്ഥലം മാറി എത്തിച്ച് എസ്‌കോര്‍ട്ട് പൊലീസ് !

ആലുവ: ആലുവ പാലസില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയില്‍ സുരക്ഷാ വീഴ്ച. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട മുഖ്യമന്ത്രിയെ പൊലീസ് എത്തിച്ചതു യാത്രക്കാര്‍ വന്നിറങ്ങുന്ന അറൈവല്‍ ടെര്‍മിനലില്‍.

കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണു സ്ഥലം തെറ്റിയെന്നു മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. വഴി തെറ്റിച്ച പൊലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷം മുഖ്യമന്ത്രി കാറില്‍ തിരികെ കയറി ‘ഡിപ്പാര്‍ച്ചറി’ല്‍ എത്തുകയായിരുന്നു.

വരാപ്പുഴ, മുനമ്പം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരാണു 2 ജീപ്പുകളില്‍ മുഖ്യമന്ത്രിക്കു പൈലറ്റ് പോയത്. ആലുവ പൊലീസിനായിരുന്നു എസ്‌കോര്‍ട്ട് ചുമതല. മുഖ്യമന്ത്രിക്കൊപ്പം കമാന്‍ഡോ സംഘവും ഉണ്ടായിരുന്നു.

സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ചയാണു മുഖ്യമന്ത്രി പാലസില്‍ എത്തിയത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇന്നലെ തിരുവനന്തപുരത്തേക്കു തിരിച്ചത്. പൈലറ്റ് സംഘത്തിനു സംഭവിച്ച പിശകാണു സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ റൂറല്‍ എസ്പിയും ഡിഐജിയും വിളിപ്പിച്ചിട്ടുണ്ട്.

Top