തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. ലക്ഷണങ്ങൾ കണ്ടപ്പോൾതന്നെ ക്വാറന്റീനിൽ പോയി. വെറുതെ വിവാദമുണ്ടാക്കാനാണു ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സീന് ക്ഷാമമുണ്ട്. കൂടുതല്‍ വാക്സീന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഗാ വാക്സിനേഷന് ക്യാംപുകളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് മുരളീധരന് ആവശ്യപ്പെട്ടത്.
രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണു കയറിപ്പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡ് ബാധിതയായ മകൾ താമസിക്കുന്ന അതേ വീട്ടിൽനിന്ന് ഏതാണ്ട് 500 മീറ്റർ അകലെയുള്ള പോളിങ് ബൂത്തിലേക്ക് ആറാം തീയതി നടന്നുപോയി വോട്ട് ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണെന്നും മുരളീധരൻ ആരോപിച്ചു.