തിരുവനന്തപുരം: സര്‍ക്കാരും റെഡ്ക്രസന്റും തമ്മിലാണ് ധാരണാപത്രം ഒപ്പു വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടതിന് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ് ക്രസന്റ് ഏജന്‍സിയെ നിയോഗിച്ചു. അത് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടതിന് കേന്ദ്ര അനുമതി ആവശ്യമില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിക്കണം. ലൈഫ് മിഷന്‍ പദ്ധതിയില്‍ തത്ക്കാലം സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഇല്ല. കെട്ടിടങ്ങളുടെ ഗുണനിലവാരത്തില്‍ മാത്രമാണ് ഇടപെടലുണ്ടായത്. ആക്ഷേപങ്ങളില്‍ സര്‍ക്കാരിന് റോളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശസാമ്പത്തികസഹായം തേടിയതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഇത് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന വിദേശകാര്യസ്ഥിരം സമിതിയാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വിശദമായി വിലയിരുത്തിയത്.
ലൈഫ് മിഷന്‍ പദ്ധതിക്ക് 20 കോടി രൂപ റെഡ് ക്രസന്റില്‍ നിന്ന് വാങ്ങാന്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശ സര്‍ക്കാരുകളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ധനസഹായം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.