തിരുവനന്തപുരം: സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മൂന്നാര്‍ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നു. ഇതേക്കുറിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതു യോഗത്തില്‍ വായിക്കുകയും ചെയ്തു.
മൂന്നാറിലെ സ്ഥലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ശനിയാഴ്ച യോഗം വിളിച്ചത്.
ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് ഈ മാസം ഒന്‍പതിനു സബ് കലക്ടര്‍ നോട്ടിസ് നല്‍കി.
സര്‍ക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയില്‍ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോം സ്റ്റേ നടത്തിയിരുന്നയാള്‍ക്കാണു നോട്ടിസ് നല്‍കിയത്.
ഇതിനെതിരെ ഇടതുനേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ഈ സംഭവത്തിലാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്.
മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് കലക്ടറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, മൂന്നാര്‍ കുത്തകപ്പാട്ട മേഖലയിലെ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് വേണ്ടതു ചെയ്യാനാണ് നിര്‍ദേശം.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും, സിപിെഎ പ്രാദേശിക നേതാക്കളും യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.