തിരൂര്‍: സിപിഐ(എം)-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അഗ്നിക്കിരയായ എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.
ജനകീയ കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച വായനശാല മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്.
ഓരോ വായനശാലയും നാടിന്റെ വിളക്കാണെന്നും, നാട്ടില്‍ നന്മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
വായനാശാലയെ പുനര്‍നിര്‍മ്മിക്കാന്‍ കാണിച്ച ആവേശം അഭിനന്ദനാര്‍ഹമാണെന്നും, ലോകമെമ്പാടും ഈ പ്രവൃത്തി ശ്രദ്ധിക്കാനിടയായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം വായനാശാല പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രയത്‌നിച്ച നാട്ടുകാരെയും പുസ്തകങ്ങള്‍ സമ്മാനിച്ച എല്ലാവരേയും അഭിനന്ദിച്ചു.
2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് തലൂക്കര ഗ്രാമത്തിലെ എകെജി സ്മാരക ഗ്രന്ഥാലയത്തിന് ആര്‍എസ്എസ് സംഘം തീയിട്ടത്.
കെട്ടിടം പൂര്‍ണമായും അഗ്‌നിക്കിരയായതോടെ അപൂര്‍വ ഗ്രന്ഥങ്ങളടക്കം എണ്ണായിരത്തിനടുത്ത് പുസ്തകങ്ങള്‍ ചാമ്പലായി.
വായനശാലയിലെ പുസ്തകങ്ങള്‍ക്കുപുറമേ കലാവേദിയുടെ തബല, വയലിന്‍ അടക്കമുള്ള സംഗീത ഉപകരണങ്ങളും ഫര്‍ണീച്ചറും കത്തിനശിച്ചിരുന്നു.
എന്നാല്‍, പുസ്തകങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണത്തിനുമായി നാട്ടുകാരും രാഷ്ട്രീയപ്രമുഖരും ഒന്നിച്ച് രംഗത്തിറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഷബാന അസ്മി, തോമസ് ഐസക്ക്, എംഎ ബേബി, ബിനോയ് വിശ്വം, ടിഡി രാമകൃഷ്ണന്‍, എന്‍എസ് മാധവന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി സാഹിത്യ രാഷ്ടീയസാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും വായനശാലയ്ക്കായി പുസ്തകങ്ങള്‍ സമ്മാനിച്ചു.
പത്തുലക്ഷത്തോളം രൂപ ചിലവിലാണ് വായനശാല കെട്ടിടം പുനര്‍നിര്‍മ്മിച്ചത്. പതിനയ്യായിരത്തിലേറെ പുസ്തകവുമുണ്ട്.