കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവല്ല: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് കേരളത്തോട് വലിയ അവഗണനയാണ്. കേന്ദ്രത്തിന് ലഭ്യമാകുന്ന നികുതി വരുമാനം തുല്യമായി വീതിക്കണം. ബിജെപി തീവ്രമായ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും സാമ്പത്തികമായ നയകാര്യങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പത്തനംതിട്ട തിരുവല്ലയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയാണ് സംസ്ഥാനം. പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക ഞെരുക്കം യാഥാര്‍ഥ്യമാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ചൂണ്ടിക്കാട്ടുന്നു.

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരുടെ പരാതി. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വരുന്നതായും അവര്‍ പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി, കരുതലോടെ ചെലവഴിക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രം സംസ്ഥാനത്തോട് മുഖം തിരിക്കുകയാണെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.

ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെന്‍ഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ക്ഷേമപെന്‍ഷന്‍ അനര്‍ഹര്‍ക്കാണ് നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നല്‍കുന്നതെന്നും പിണറായി പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വര്‍ദ്ധിക്കുന്നു എന്നതാണ്. വരുമാനം ഏറ്റവും കൂടുതല്‍ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കുമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസദസ്സ് ഒരു പക്ഷത്തിന്റെ മാത്രമല്ല, എല്ലാവരുടെയും ആണ്. ഓരോ മണ്ഡലത്തിലും അവിടെ ഉള്ള എംഎല്‍എമാര്‍ ആണ് നടത്തേണ്ടത്. യുഡിഎഫ് ബഹിഷ്‌കരിക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. നാടിന്റെ പുരോഗതിക്ക് വേണ്ട എല്ലാം യുഡിഎഫ് ബഹിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top