തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ സപ്ലെയ്‌കോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്‌സിഡി നിരക്കിലാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
5 കിലോ കെ റൈസിനൊപ്പം ബ്രാന്റ് ചെയ്യാത്ത അഞ്ച് കിലോ കൂടി ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നും പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തല്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തോന്നിയതാണ് ചെയ്യുന്നണ്. ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത നടപടികള്‍ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നഷ്ടം സഹിച്ചാണ് വിപണി ഇടപെടല്‍ നടത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസ് പദ്ധതിക്കെതിരെ വിമര്‍ശം ഉന്നയിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വില്‍ക്കുകയാണ്. 10 രൂപ ലാഭം എടുത്താണ് വില്‍പനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.