തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. മാസപ്പടി ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. പാർട്ടി ഫണ്ട് വേണ്ട എന്നത് വി.എം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഐഎമ്മും സിപിഐഎമ്മിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്.
ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ചു കാര്യങ്ങൾ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇവയെല്ലാം സുതാര്യമാണ്. ആരോപണങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും ചിലർക്ക് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.