തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കര്‍ക്കെതിരേയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചത്.
1000 കോടി ക്കു മുകളില്‍ മൂല്യം ഉള്ള കരിമണല്‍ പാട്ടത്തിനു സിഎംആര്‍എല്ലിനു സര്‍ക്കാര്‍ അനുമതി നല്‍കി. 2004ലാണ് പാട്ടത്തിനു നല്‍കിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസിന്റെ കാലത്തു കരി മണല്‍ പാട്ടം പൊതു മേഖലയില്‍ മാത്രമാക്കി. സിഎംആര്‍എല്ലിനു അനുകൂലമായി ഹൈകോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിധി ഉണ്ടായി. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. തുടര്‍ന്ന് സിഎംആര്‍എല്ലിന് പാട്ടം അനുവദിച്ച മേഖലകള്‍ വിഞാപനം ചെയ്താല്‍ സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2016 ഏപ്രില്‍ 8 ന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും 2016 ഡിസംബര്‍ 20 മുതല്‍ മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം എത്തി തുടങ്ങിയെന്നും മാത്യു കുഴല്‍ നാടന്‍ പറയുന്നു.