യാക്കോബായ സഭാ നേതൃത്വം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : യാക്കോബായ സഭാ നേതൃത്വം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേത്യത്വത്തിലാണ് ചര്‍ച്ച നടക്കുക. യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.

തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ യാക്കോബായ വിശ്വസികളുടെ ശവസംസ്‌കാരത്തിന് സാഹചര്യമൊരുക്കണമെന്നാണ് സഭയുടെ ആവശ്യം.

വ്യാഴാഴ്ച സഭാതര്‍ക്കത്തിലെ അന്തിമവിധി ചോദ്യം ചെയ്ത് യാക്കോബായ സഭ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പിന്‍വലിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് ചേംബറില്‍ പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം. പുനഃപരിശോധനാ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

അതേസമയം തിരുത്തല്‍ ഹര്‍ജി പിന്‍വലിച്ചതിന് കാരണം എന്താണെന്ന് സഭാ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top