സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു; 89 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി.

ഒരാള്‍ കോവിഡ്-19 മൂലം മരണമടഞ്ഞു. കണ്ണൂരില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ 28 കാരനായ കെ.പി. സുനിലാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരും 29 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, ഇടുക്കി-6, തൃശ്ശൂര്‍-6, തിരുവന്തപുരം-5, കോഴിക്കോട്-5, മലപ്പുറം-4, കണ്ണൂര്‍-4, കാസര്‍കോട്-3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

അതേസമയം, തിരുവനന്തപുരം-9, കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, കണ്ണൂര്‍-4, എറണാകുളം-4, തൃശ്ശൂര്‍-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കാസര്‍കോട്-11 എന്നിങ്ങനെയാണ് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുളള കണക്ക്‌.

ഇന്ന് 4,817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,358 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,967 പേരാണ്. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 1,69,035 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 108 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

Top