സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 15 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍ കാസര്‍ഗോഡ് ജില്ലക്കാരാണ്. മൂന്നു പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണെന്നും 15 പേര്‍ രോഗമുക്തി നേടിയതായും മന്ത്രി അറിയിച്ചു

കാസര്‍ഗോഡ് അഞ്ചുപേര്‍ക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്.

ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര് നിലവില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്.

ഇന്നുമാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20,830 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളത് കണ്ണൂരിലാണ് 56 പേര്‍. കാസര്‍ഗോഡ് 18 പേര്‍ ചികിത്സയിലുണ്ട്. കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്നെത്തിയ എട്ടുപേരെ കൊറോണ കെയര്‍ സെന്ററിലാക്കിയിട്ടുണ്ട്. ഇതുവരെ 57 പേരാണ് ഇത്തരത്തില്‍ നടന്ന് അതിര്‍ത്തി കടന്നെത്തിയത്. ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററിലാണ് ഇവരെ പാര്‍ പ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളില്‍ വൈറസ് സ്ഥിരീകരിച്ച ആരും ചികിത്സയിലില്ല.

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം വേദനാജനകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top