‘ഏറ്റുമുട്ടല്‍ വേണ്ട, ഗവര്‍ണര്‍ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാല്‍ മതി’; പിണറായി വിജയന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമുട്ടല്‍ വേണ്ടെന്നും ഗവര്‍ണര്‍ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാല്‍ മതി. ഗവര്‍ണര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റ് കൊണ്ടാണ് ഗവര്‍ണര്‍ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സൗഹൃദഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി.

Top