മാസപ്പടി വിവാദം; നിങ്ങള്‍ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്;മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയില്‍ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായത്.

നിങ്ങള്‍ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്. നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങള്‍ ആരെയെങ്കിലും കരിങ്കൊടി കാണിക്കാന്‍ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. കേസില്‍ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കുമെന്നും ഉത്തരവ് വൈകുമെന്നും ഉറപ്പായി.

Top