വിഴിഞ്ഞം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ ഒരു തുറമുഖം ലോകത്ത് അപൂര്‍വ്വമാണ്. വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനക്കപ്പുറമാണ്. എട്ട് കപ്പല്‍ കൂടി വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വരുമെന്ന് അദാനി കമ്പനി പറഞ്ഞുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മേഖലയും ശക്തിപ്പെടണം. അതിന് വ്യക്തമായ കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ അസാധ്യമായി ഒന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ നിമിഷം വിഴിഞ്ഞത്തിന്റയും കേരളത്തിന്റയും അഭിമാന നിമിഷമാണ്. അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുക.
ചില അന്താരാഷ്ട്ര ലോബികള്‍ എതിരായ നീക്കം നടത്തി. ഈ പോര്‍ട്ടിന്റെ കാര്യത്തിലും അത്തരം ശക്തികളുണ്ടായി. ചില വാണിജ്യ ലോബികളും ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കേരളം അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അഭിനന്ദിച്ചു. കരണ്‍ അദാനിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു. 7700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിതെന്നും 4600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.